കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തെ വീണ്ടും ക്രിക്കറ്റ് ആവേശത്തിലാഴ്‌ത്താന്‍ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ എത്തുന്നു. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. 17 ദിവസം നീളുന്ന പോരാട്ടത്തില്‍ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി ഏറ്റുമുട്ടുക. ഓഗസ്റ്റ് 20ന് ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും.

ഉദ്ഘാടന ദിനത്തിലെ രണ്ടാം മത്സരത്തില്‍ വൈകിട്ട് 7.30ന് നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സിനെതിരെ കളത്തിലിറങ്ങും. ലീഗ് ഘട്ടം പൂര്‍ത്തിയായ ശേഷം സെപ്റ്റംബര്‍ 4ന് സെമിഫൈനലുകള്‍ നടക്കും. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയും ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെയും നേരിടും. കിരീടജേതാക്കളെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 5ന് അരങ്ങേറും.

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാജ്യത്തെ ശ്രദ്ധേയമായ പ്രാദേശിക ടി20 ലീഗുകളിലൊന്നായി കേരള ക്രിക്കറ്റ് ലീഗ് മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെ മാത്രം നാല് കോടിയിലധികം പ്രേക്ഷകരാണ് മത്സരങ്ങള്‍ വീക്ഷിച്ചത്. ഫാന്‍കോഡില്‍ 70 ലക്ഷത്തിലധികം പേരും ഏഷ്യാനെറ്റ് പ്ലസിലൂടെ 1.34 കോടിയിലേറെ പ്രേക്ഷകരും മത്സരങ്ങള്‍ തത്സമയം കണ്ടു.

ഈ റെക്കോര്‍ഡ് ജനപ്രീതിയിലൂടെ തമിഴ്‌നാട് പ്രീമിയര്‍ ലീഗ്, മഹാരാജ ട്രോഫി തുടങ്ങിയ പ്രമുഖ ആഭ്യന്തര ടി20 ലീഗുകളെയും കെ.സി.എല്‍ പിന്നിലാക്കി. കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച സംഘാടന മികവിനും ലഭിച്ച അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

മുന്‍ സീസണുകളേക്കാള്‍ വലിയ ആവേശത്തോടെയാണ് മൂന്നാം പതിപ്പിനായി ടീമുകളും ആരാധകരും ഒരുങ്ങുന്നത്. കേരളത്തിലെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദിയായും ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള ചവിട്ടുപടിയായും കെ.സി.എല്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share