ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമിലെ കേളം മേഖലയിലാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് വ്യാപക പരിശോധനയും തിരച്ചിലും ആരംഭിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അനന്ത്‌നാഗില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പത്ത് ദിവസങ്ങള്‍ക്കുശേഷമാണ് താഴ്വരയില്‍ വീണ്ടും ആക്രമണമുണ്ടാകുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മുകശ്മീരിലെ ആദ്യ ഭീകരാക്രമണമായിരുന്നു അനന്ത്‌നാഗിലേത്.