ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനേക്കാള്‍ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്തര്‍ മന്തറിലെ സംഭവത്തില്‍ രാജ്യവും ലോകവും തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അപമാനകരമായ ഭാഷ ഉപയോഗിച്ചത് കണ്ടുവെന്ന് മോദി പറഞ്ഞു. ഇത്തരം പെരുമാറ്റത്തിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധം സ്വാഭാവികമാണെങ്കിലും, ബാല്യവും യുവത്വവും തെറ്റുകള്‍ സംഭവിക്കാവുന്ന കാലഘട്ടമാണെന്നും അവ തിരുത്താനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വഴിതെറ്റിയ യുവാക്കളെ കോടതികളില്‍ വലിച്ചിഴയ്‌ക്കുകയോ സാമൂഹികമായി ഒറ്റപ്പെടുത്തുകയോ ചെയ്യാതെ ചേര്‍ത്തുപിടിച്ച് ശരിയായ വഴി കാണിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അവരെ താന്‍ വ്യക്തിപരമായി ക്ഷമിക്കുന്നുവെന്നും സമൂഹവും അതേ മനോഭാവം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തിനായി ഒരുമിച്ച് മുന്നേറാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത മോദി, തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കണമെന്നും പറഞ്ഞു.
രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്നും ഓരോ യുവാവും ജീവിതത്തില്‍ ഉയരങ്ങളിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളെ ശരിയായ വഴിയിലേക്ക് നയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പ്രധാനമന്ത്രി, ‘അപമാനങ്ങള്‍ ഒരിക്കലും പരിഹാരമല്ല. വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം. ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഭാരതത്തിനായി പ്രവര്‍ത്തിക്കാം’ എന്ന സന്ദേശവും നല്‍കി.















