കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം. ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഓഗസ്റ്റ് 4 വരെ സംസ്ഥാനത്ത് വ്യാപകമായി മിതമായതോ നേരിയതോ ആയ മഴ തുടരുമെന്നും ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.















