തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. ജയില്‍മേധാവിയായ എസ്. ശ്രീജിത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും ശ്രീജിത്തിന് ഡിജിപി പദവി നല്‍കിയത് ശ്രദ്ധേയമായി.
എഡിജിപിയായിരുന്ന എം.ആര്‍. അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതോടെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങിയത്. നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയ ഗണ്‍മാന്‍മാരുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് നിലവില്‍ വഹിക്കുന്ന ജയില്‍മേധാവി ചുമതലയില്‍ തന്നെ തുടരുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ്-ഭരണതലത്തിലെ മറ്റ് നിര്‍ണായക നിയമനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ (ബെവ്‌കോ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ബല്‍റാം കുമാര്‍ ഉപാധ്യായയെ സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന സംവിധാനവും ഭരണനിര്‍വഹണവും കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാനമാറ്റങ്ങളെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീജിത്തിന് ഡിജിപി പദവി നല്‍കിയ തീരുമാനം രാഷ്‌ട്രീയ-ഭരണതലങ്ങളില്‍ ചര്‍ച്ചയാകാനിടയുണ്ട്.















