തിരുവനന്തപുരം: താമസയോഗ്യമായ വീടില്ലാത്തതിനാൽ വിഷപാമ്പുകൾ നിറഞ്ഞ കിളിമാനൂർ പഴയ കുന്നുമ്മേൽ പതിനാറാം വർഡിൽ ആസ് ബസ്റ്റോസ് ഷീറ്റ് കൊണ്ട് മറച്ച കൂരയിൽ അന്തിയുറങ്ങുന്ന അമ്മയെയും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെയും ആർ.ഡി.ഒ. യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് അവസ്ഥ നേരിട്ട് മനസിലാക്കി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ആർ.ഡി.ഒ. ക്ക് പുറമെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ജില്ലാ സാമൂഹികനീതി ഓഫീസർ എന്നിവരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഭിന്നശേഷിക്കാരിയായ മിനി ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് മനസിലാക്കണം. പഴയകുന്നുമ്മേൽ പഞ്ചായത്ത് അധികൃതർ ഒരു ഭവനപദ്ധതിയിലും മിനിക്ക് ഭവനനിർമ്മാണ ധനസഹായം നൽകാത്തതിന്റെ കാരണവും മനസിലാക്കണം. മിനി താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കമുണ്ടായാൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ തർക്കം പരിഹരിക്കാനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണം.
ലൈഫ് മിഷനിലോ മറ്റേതെങ്കിലും ഭവനപദ്ധതിയിലോ മിനിക്ക് ഭവന നിർമ്മാണ ധനസഹായം നൽകാൻ കഴിയുമോ എന്ന് ജില്ലാ കളക്ടർ പരിശോധിക്കണം. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സഹകരണത്തോടെ ഇക്കാര്യം വിലയിരുത്തണം. ഇതിന് കാലതാമസമുണ്ടാവുകയാണെങ്കിൽ ലയൺസ്, റോട്ടറി ക്ലബുകൾ പോലുള്ള സന്നദ്ധസംഘടനകളുടെ കാരുണ്യ പ്രവർത്തനങ്ങൾ വഴിയോ മറ്റേതെങ്കിലും സ്ഥാപനത്തിന്റെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസ്ബിളിറ്റി) ഫണ്ട് വഴിയോ മിനിക്ക് അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു താൽക്കാലിക ഭവനം നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മിനിയുടെ മകന് മതിയായ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കള്ക്ടർ 6 ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം. ഒക്ടോബർ 3 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടർക്ക് വേണ്ടി ആർ.ഡി.ഒയും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരായി വസ്തുതകൾ ധരിപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ കേസിലാണ് നടപടി.















