റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗസും വിവാഹിതരാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. റൊണാള്‍ഡോയുടെ ജന്മനാടായ പോര്‍ച്ചുഗലിലെ മെദീര ദ്വീപിലെ ഫുന്‍ചാല്‍ നഗരത്തിലെ ഒരു ദേവാലയത്തില്‍ ശനിയാഴ്ച വിവാഹച്ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

2025 ഓഗസ്റ്റില്‍ വിവാഹനിശ്ചയം നടത്തിയ ഇരുവരും ഒന്‍പത് വര്‍ഷത്തിലേറെയായി ഒരുമിച്ചാണ് ജീവിക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ദേവാലയം ഒരു ‘പ്രധാന സ്വകാര്യ ചടങ്ങിനായി’ ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദേവാലയത്തിന് സമീപമുള്ള ആഡംബര ഹോട്ടലായ സവോയ് പാലസിന്റെ രണ്ട് നിലകളും വെള്ളി, ശനി ദിവസങ്ങളിലായി സ്വകാര്യ ചടങ്ങുകള്‍ക്കായി സംവരണം ചെയ്തതായും വിവരമുണ്ട്. എന്നാല്‍ വിവാഹത്തെക്കുറിച്ച് റൊണാള്‍ഡോയോ ജോര്‍ജീനയോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

41-കാരനായ റൊണാള്‍ഡോയും 32-കാരിയായ ജോര്‍ജീനയും 2016-ല്‍ മാഡ്രിഡിലെ ഒരു ഷോപ്പില്‍ വെച്ചാണ് പരിചയപ്പെടുന്നത്. 2017-ലെ ഫിഫ പുരസ്‌കാര വേദിയില്‍ ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമായത്. പിന്നീട് മോഡലും സംരംഭകയുമായ ജോര്‍ജീന ലോകപ്രശസ്ത വ്യക്തിത്വമായി മാറി.

റൊണാള്‍ഡോയുടെ കുടുംബത്തില്‍ അഞ്ച് മക്കളാണുള്ളത്. മൂത്തമകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍, വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇരട്ടകളായ ഇവ മരിയയും മതേയോയും, ജോര്‍ജീനയ്‌ക്കൊപ്പമുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടിനയും ബെല്ല എസ്മെറാള്‍ഡയുമാണ് മക്കള്‍. ബെല്ലയുടെ ഇരട്ടസഹോദരന്‍ എയ്ഞ്ചല്‍ പ്രസവസമയത്ത് മരണപ്പെട്ടത് കുടുംബത്തിന് വലിയ ദുഃഖമായിരുന്നു.

നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസര്‍ എഫ്‌സിയ്‌ക്കായി കളിക്കുന്ന റൊണാള്‍ഡോ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് താമസം. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Share