വിവാഹവാര്‍ഷിക കേക്കില്‍ പൂപ്പല്‍; കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബേക്കറി പൂട്ടിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കാസര്‍കോട്: വിവാഹവാര്‍ഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ആരോഗ്യവിഭാഗം ബേക്കറി അടപ്പിച്ചു. കാസര്‍കോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശിയായ സലീമിന്റെ പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പ് പരിശോധന നടത്തി സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.

വിവാഹവാര്‍ഷിക ആഘോഷത്തിനായി പരപ്പയിലെ ഒരു ബേക്കറിയില്‍നിന്നാണ് സലീം കേക്ക് വാങ്ങിയത്. കുടുംബാംഗങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കേക്ക് പരിശോധിച്ചപ്പോള്‍ അതില്‍ പൂപ്പല്‍ ബാധിച്ചതായി കണ്ടെത്തി.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം എല്ലാവരെയും ആശുപത്രിയില്‍നിന്ന് വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ ബേക്കറി അടപ്പിക്കുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Share