പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത വ്ലോഗർക്കെതിരെ കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെ.യു.ഡബ്ല്യു.ജെ) പരാതി നൽകി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് സംഘടന പരാതി സമർപ്പിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയ നിസാം എന്ന വ്ലോഗർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്ന മാധ്യമപ്രവർത്തകരെ “അവിടെത്തന്നെ കുഴിച്ചുമൂടണം” എന്ന തരത്തിലായിരുന്നു നിസാമിന്റെ ആഹ്വാനമെന്ന് പരാതിയിൽ പറയുന്നു.

മാധ്യമപ്രവർത്തകരുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി കെ.യു.ഡബ്ല്യു.ജെ ഭാരവാഹികൾ മലപ്പുറം എസ്.പി.യ്‌ക്ക് നേരിട്ടെത്തിയാണ് പരാതി കൈമാറിയത്.

ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഇത്തരം അക്രമാഹ്വാനങ്ങൾ നടത്തുന്നത് അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണിയുയർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ വ്ലോഗർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ സംഘടന ആവശ്യപ്പെട്ടു.

Share