പാലക്കാട്: വടക്കഞ്ചേരി മഞ്ഞപ്രയിലെ കുറുമാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്.
ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരത്തിന്റെയും സമീപത്തെ നാഗപ്രതിഷ്ഠയ്‌ക്ക് മുന്നിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ടുകൾ തകർത്ത നിലയിലാണ് കണ്ടെത്തിയത്. സമീപത്തെ മറ്റൊരു ഭണ്ഡാരം കൂടി തുറക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചെറിയ കത്തി വളഞ്ഞ നിലയിൽ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങളിലെ പണം ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയത്.
സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.















