തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ നാല് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ശനിയാഴ്ച സംസ്ഥാനത്തെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്.
കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.