പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മാരകായുധം ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. തെങ്കര മണലടി സ്വദേശി തീയത്തുംവളപ്പിൽ അഷറഫിനെയാണ് (54) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുടുംബ വഴക്കിനെ തുടർന്ന് അഷറഫുമായി പിണങ്ങി കഴിയുകയായിരുന്നു ഭാര്യ റഷീദ. മക്കളും മാതാവിനുമൊപ്പം കാഞ്ഞിരപ്പുഴ നെല്ലിക്കുന്നിൽ വാടകവീട്ടിലായിരുന്നു റഷീദയുടെ താമസം.
രണ്ടാഴ്ച മുമ്പാണ് അഷറഫ് വീണ്ടും റഷീദയ്‌ക്കൊപ്പം താമസം തുടങ്ങിയത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച, ഓഗസ്റ്റ് 8ന് രാത്രിയോടെ, ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ അഷറഫ് മടവാൾ (വെട്ടുകത്തി) ഉപയോഗിച്ച് റഷീദയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ റഷീദയുടെ കൈപ്പത്തി മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ റഷീദ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ വെട്ടിയ ശേഷം ഒളിവിൽ പോയ അഷറഫിനെ മണലടിയിൽ വെച്ചാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















