തിരുവനന്തപുരം: യൂണിഫോം വാങ്ങുന്നതിനും തുന്നുന്നതിനുമായി സഹപ്രവർത്തകരിൽ നിന്ന് ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരൻ ശംഭു ആർ. കൃഷ്ണയ്‌ക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
കെഎപി-3, കെഎപി-5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും സ്റ്റിച്ചിങ്ങിനുമായി ശേഖരിച്ച പണമാണ് തട്ടിയെടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭു, പണം എസ്എപി ബറ്റാലിയനിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടയ്‌ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളിൽ നിന്ന് പണം വാങ്ങിയത്.
2026 ജൂലൈ 3 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നിരവധി പൊലീസ് റിക്രൂട്ട് ട്രെയിനികൾ പ്രതിയുടെ ഫോൺ നമ്പറിലേക്ക് പണം ഓൺലൈനായി കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. എന്നാൽ ഈ തുക യൂണിഫോം ആവശ്യങ്ങൾക്കായി അടയ്‌ക്കാതെ പ്രതി ദുരുപയോഗം ചെയ്തെന്നാണ് പരാതി.
തട്ടിയെടുത്ത പണം ഓൺലൈൻ ചീട്ടുകളിയിൽ നഷ്ടപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പേരൂർക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പണം കൈമാറിയ ഇടപാടുകൾ ഉൾപ്പെടെയുള്ള രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.















