തിരുവനന്തപുരം: ‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, അത് മറക്കരുത്’—കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന പരാതിക്കിടെ മന്ത്രിമാരോട് രൂക്ഷമായി പ്രതികരിച്ച് ജോണിന്റെ മകൾ ജിജി.
മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്നും ജിജി ആവശ്യപ്പെട്ടു. ഉന്നത പദവികളിലിരിക്കുന്നവർ ഒരു വിഭാഗം ജനങ്ങളെ കുറ്റപ്പെടുത്തുകയോ അടിച്ചമർത്തുകയോ ചെയ്യുന്ന രീതിയിൽ സംസാരിക്കുന്നത് ശരിയല്ലെന്നും ജിജി പറഞ്ഞു.
കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിന്റെയും അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെയും വീടുകളിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും സന്ദർശനം നടത്തിയത്. ഇരുവരെയും കടലിൽ കാണാതായിട്ട് 11 ദിവസം പിന്നിട്ടു. കടലിൽ കാണാതായ ജോണിനും ഷിജിനും വേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് വിമർശനം ശക്തമാണ്. 11 ദിവസം പിന്നിട്ടിട്ടും പ്രിയപ്പെട്ടവരെ കണ്ടെത്താനാകാത്തതിന്റെ ആശങ്കയിലാണ് ബന്ധുക്കൾ.















