രാജ്ഗഢ്: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വാന്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടിയടക്കം ഒമ്പത് പേര്‍ മരിച്ചു. 11 യാത്രക്കാരുമായി പോയ വാനാണ് സാരംഗ്പൂരിന് സമീപം തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.
രാവിലെ ഒമ്പതോടെ പടാന ബൈപാസ് കല്‍വെര്‍ട്ടിലൂടെ കടക്കുന്നതിനിടെയാണ് വാന്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടത്. മുന്നോട്ട് പോകരുതെന്ന് തദ്ദേശ സ്ഥാപന ജീവനക്കാരും നാട്ടുകാരും ഡ്രൈവറെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. പിന്നാലെ ശക്തമായ ഒഴുക്കില്‍ വാന്‍ വെള്ളത്തിലേക്ക് പതിച്ചു.
നാട്ടുകാര്‍ കയറുകള്‍ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ചിലരെ പുറത്തെടുത്തു. പിന്നീട് പെണ്‍കുട്ടിയടക്കം ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കനത്ത മഴയില്‍ പ്രദേശത്തെ നദികളും അഴുക്കുചാലുകളും നിറഞ്ഞൊഴുകുകയാണെന്ന് സാരംഗ്പൂര്‍ എസ്ഡിഒപി അരവിന്ദ് സിങ് അറിയിച്ചു. സംഭവത്തില്‍ സാരംഗ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















