തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നത്. ഓഗസ്റ്റ് 12ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവില്‍ മധ്യപ്രദേശിന് മുകളിലാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനത്തോടൊപ്പം പുതിയ ചക്രവാതച്ചുഴിയുടെ സാന്നിധ്യവും കേരളത്തിലെ മഴയ്‌ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കും. ഇന്ന് മുതല്‍ ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനിടെയാണ് വീണ്ടും മഴ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.















