ന്യൂഡൽഹി: അമേരിക്കൻ കോടതി ക്രിമിനൽ കേസ് തള്ളിയതിനു പിന്നാലെ പ്രതികരണവുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. നീതിന്യായ വ്യവസ്ഥയിൽ തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും സത്യം, നീതി, നിയമവാഴ്ച എന്നിവയിലുള്ള വിശ്വാസം ഒരിക്കലും തകർന്നിട്ടില്ലെന്നും ഗൗതം അദാനി വ്യക്തമാക്കി.
കേസ് തള്ളിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദാനി നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ കോടതിയുടെ തീരുമാനത്തെ വിനയത്തോടെയും നീതിന്യായ നടപടികളോടുള്ള ആഴത്തിലുള്ള ബഹുമാനത്തോടെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.
പ്രതിസന്ധി നിറഞ്ഞ കാലയളവിലും സത്യം, നീതി, നിയമവാഴ്ച എന്നിവയിൽ തങ്ങളുടെ വിശ്വാസം ഉറച്ചുനിന്നുവെന്നും അദാനി പറഞ്ഞു. തന്നിലും നിയമവ്യവസ്ഥയിലും ഇന്ത്യയുടെ നീതിന്യായ ശേഷിയിലും വിശ്വാസം പുലർത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തിനായി നിർമാണ പ്രവർത്തനങ്ങൾ തുടരുകയും മൂല്യം സൃഷ്ടിക്കുകയും വലിയൊരു ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുമെന്നും അദാനി വ്യക്തമാക്കി.
അമേരിക്കൻ കോടതി കേസ് തള്ളി
2024ൽ അദാനിക്കെതിരെ ചുമത്തിയ വഞ്ചന, കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസാണ് തിങ്കളാഴ്ച അമേരിക്കൻ കോടതി തള്ളിയത്. ഇന്ത്യയിൽ വൈദ്യുതി വിതരണക്കരാർ ലഭിക്കാനായി അദാനി ഗ്രൂപ്പ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തെന്നും ഇത് മറച്ചുവെച്ച് അമേരിക്കയിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നുമാണ് കേസ്.