ന്യൂഡല്‍ഹി: 2026ലെ പുരുഷ-വനിതാ ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റവുമായി അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ (എഫ്.ഐ.എച്ച്.). ലോകകപ്പിലെ പരമ്പരാഗത ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടം ഒഴിവാക്കി പുതിയ മത്സരക്രമമാണ് എഫ്.ഐ.എച്ച് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 15 മുതല്‍ 30 വരെ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
പുതിയ ഫോര്‍മാറ്റില്‍ ആദ്യ ഘട്ടത്തിലെ നാല് പൂളുകളിലായി 16 ടീമുകളാണ് മത്സരിക്കുക. ഓഗസ്റ്റ് 15 മുതല്‍ 20 വരെ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 21 മുതല്‍ 24 വരെ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കും. രണ്ടാം ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. അതിനാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇത്തവണ ഉണ്ടാകില്ല.
ആദ്യ ഘട്ടത്തില്‍ ഒരേ പൂളില്‍നിന്ന് അടുത്ത റൗണ്ടിലെത്തുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരഫലം രണ്ടാം ഘട്ടത്തിലേക്കും പരിഗണിക്കും. ഇതോടെ ആദ്യ മത്സരം മുതല്‍ ഓരോ പോയിന്റും നിര്‍ണായകമാകും. പുരുഷ വിഭാഗത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെയില്‍സ് എന്നിവര്‍ക്കൊപ്പം പൂള്‍ ഡിയിലാണ്. വനിതാ വിഭാഗത്തില്‍ ഇന്ത്യ, ചൈന, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരും പൂള്‍ ഡിയിലാണ്.
പുതിയ ഫോര്‍മാറ്റിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ പരിശീലകര്‍ വ്യക്തമാക്കി. പുരുഷ ടീം പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടന്‍ ആദ്യഘട്ടത്തിലെ മൂന്ന് പോയിന്റുകള്‍ അടുത്ത റൗണ്ടിലും നിര്‍ണായകമാകുമെന്ന് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 27, 28 തീയതികളിലാണ് സെമി ഫൈനലുകള്‍. വനിതാ ഫൈനല്‍ ഓഗസ്റ്റ് 29നും പുരുഷ ഫൈനല്‍ ഓഗസ്റ്റ് 30നും നടക്കും.















