ദിസ്പൂര്‍: അസമിലെ രൂക്ഷമായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വിവിധ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍. പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, മണിപ്പൂര്‍ സര്‍ക്കാരുകളാണ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അസമിലെ പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.
അസമിലെ നിലവിലെ പ്രളയ സാഹചര്യം ഭയാനകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അയല്‍ സംസ്ഥാനമായ അസമിനൊപ്പം പശ്ചിമ ബംഗാള്‍ നിലകൊള്ളുമെന്നും വ്യക്തമാക്കി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും അസമിന് അഞ്ച് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് ഒമ്പതിന് എക്സിലൂടെയായിരുന്നു പ്രഖ്യാപനം.
മണിപ്പൂര്‍ മുഖ്യമന്ത്രി യുമ്മന്‍ ഖേംചന്ദ് സിങ്ങിന്റെ നേതൃത്വത്തില്‍ സംസ്ഥാനവും ഒരു കോടി രൂപ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 16 കോടി രൂപയുടെ സഹായമാണ് അസമിന് ലഭിക്കുന്നത്. അതിനിടെ, പ്രളയക്കെടുതി നേരിടുന്ന അസമിന് കേന്ദ്രസര്‍ക്കാരും സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്കാണ് കേന്ദ്ര വിഹിതമായി 379.35 കോടി രൂപ അനുവദിച്ചത്.
അസമില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പ്രളയം മൂലം മരണസംഖ്യ 100 ആയി ഉയര്‍ന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.