കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വടക്കേക്കര മുറവന്തുരുത്ത് സ്വദേശി ഷിബിന്‍ (34)നെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. ഷിബിന്റെ വീട്ടില്‍വെച്ചാണ് സുരമ്യ ആക്രമിക്കപ്പെട്ടത്. ഇരുവരും ആറ് വര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം.
സുരമ്യ ഷിബിന്റെ വീട്ടിലെത്തി മുറിയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമണമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഷിബിന്റെ മാതാവ് വീടിന്റെ പിന്‍വശത്തുനിന്ന് ഓടിയെത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സുരമ്യ ഇടയ്ക്കിടെ ഷിബിന്റെ വീട്ടിലെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ബന്ധം അവസാനിപ്പിക്കണമെന്ന് സുരമ്യ ആവശ്യപ്പെട്ടിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.















