ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ 2-2ന് സമനില വഴങ്ങിയതിന് പിന്നാലെ റഫറിയിങ്ങിനെതിരെ പരസ്യ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ ഷൂര്‍ദ് മറൈന്‍. മത്സരത്തില്‍ ചൈനയ്‌ക്ക് അനുവദിച്ച പെനാല്‍റ്റി സ്‌ട്രോക്കിനെച്ചൊല്ലിയാണ് ഡച്ച് പരിശീലകന്‍ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനെ ചോദ്യം ചെയ്തത്.
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ ചൈനയ്‌ക്ക് ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്കിന്റെ വീഡിയോ ദൃശ്യം മറൈന്‍ എക്‌സില്‍ പങ്കുവെച്ചു. പെനാല്‍റ്റി എടുക്കുന്നതിനിടെ ചൈനീസ് താരം പന്ത് വലിച്ചുനീക്കിയതായി തോന്നുന്നുവെന്നും ഹോക്കിയുടെ നിയമപ്രകാരം ഇത് അനുവദനീയമല്ലെന്നുമായിരുന്നു മറൈനിന്റെ വാദം. എന്നാല്‍ സംഭവത്തില്‍ പന്ത് വലിച്ചുനീക്കിയതായി കണക്കാക്കാനാകില്ലെന്നാണ് എഫ്‌ഐഎച്ച് റൂള്‍സ് കമ്മിറ്റിയില്‍ നിന്ന് ലഭിച്ച വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.
ചൈനീസ് താരം ഷാങ് യിങ്ങിനെ ശില്‍പി ദബാസ് തടസ്സപ്പെടുത്തിയെന്ന റഫറിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പെനാല്‍റ്റി സ്‌ട്രോക്ക് അനുവദിച്ചത്. ഇന്ത്യ വീഡിയോ റഫറല്‍ എടുത്തെങ്കിലും തീരുമാനം നിലനിന്നു. ഷാങ് യിങ് പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 1-1 ആയി. മത്സരത്തിന്റെ അവസാന ഘട്ടത്തിലെ മറ്റൊരു തീരുമാനത്തെയും മറൈന്‍ ചോദ്യം ചെയ്തു. ഇന്ത്യന്‍ താരം നവ്‌നീത് കൗര്‍ ചൈനീസ് സര്‍ക്കിളിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യയ്‌ക്ക് പെനാല്‍റ്റി കോര്‍ണര്‍ അനുവദിക്കാതിരുന്നതാണ് പരിശീലകനെ നിരാശപ്പെടുത്തിയത്.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ നവ്‌നീത് കൗറിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. നേഹയുടെ പാസില്‍ നിന്ന് സര്‍ക്കിളിനുള്ളില്‍ പന്ത് സ്വീകരിച്ച നവ്‌നീത് മികച്ച ഫിനിഷിലൂടെ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ മികച്ച ആധിപത്യം പുലര്‍ത്തിയെങ്കിലും അവസാന മിനിറ്റിലെ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ ചൈന സമനില പിടിച്ചു. 24-ാം മിനിറ്റില്‍ ദീപിക പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ചൈന വീഡിയോ റഫറല്‍ എടുത്തെങ്കിലും തീരുമാനം ഇന്ത്യയ്‌ക്ക് അനുകൂലമായി തുടരുകയായിരുന്നു.
രണ്ടാം പകുതിയില്‍ ചൈന ശക്തമായി തിരിച്ചെത്തി. 33-ാം മിനിറ്റില്‍ പെങ് യാങ്ങിന്റെ ശ്രമം ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത മികച്ച സേവിലൂടെ തടഞ്ഞു. അഞ്ച് മിനിറ്റിന് ശേഷം മറ്റൊരു നിര്‍ണായക സേവും നടത്തി. എന്നാല്‍ 39-ാം മിനിറ്റില്‍ മാ നിങ് പെനാല്‍റ്റി കോര്‍ണറിലൂടെ ചൈനയ്‌ക്ക് സമനില നേടിക്കൊടുത്തു.
അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ വീണ്ടും ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ നേടാനായില്ല. 53-ാം മിനിറ്റില്‍ ചൈനീസ് താരം ഷൗ മെയ്റോങിന് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതോടെ ചൈന പത്ത് താരങ്ങളായി ചുരുങ്ങിയെങ്കിലും ലഭിച്ച സംഖ്യാബലം മുതലാക്കാന്‍ ഇന്ത്യക്കായില്ല. 56-ാം മിനിറ്റില്‍ ചൈനയ്‌ക്ക് തുടര്‍ച്ചയായി രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും സവിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം അവ തടഞ്ഞു.
പാരിസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാക്കളായ ചൈനയ്‌ക്കെതിരെ സമനില നേടിയതോടെ പൂള്‍ ഡിയില്‍ ഇന്ത്യക്ക് ഒരു പോയിന്റ് ലഭിച്ചു. ഓഗസ്റ്റ് 18ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറ്റൊരു പൂള്‍ ഡി മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 4-0ന് തോല്‍പ്പിച്ചിരുന്നു.















