ലണ്ടന്‍: ജപ്പാന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ പാര്‍മയില്‍നിന്ന് ആസ്റ്റണ്‍ വില്ലയിലേക്ക് സുസുക്കി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പൂര്‍ത്തിയായാല്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ജാപ്പനീസ് ഗോള്‍കീപ്പറായി 23കാരന്‍ മാറും. ആസ്റ്റണ്‍ വില്ലയുടെ ചരിത്രത്തിലെ ആദ്യ ജാപ്പനീസ് താരമെന്ന നേട്ടവും സുസുക്കിക്ക് സ്വന്തമാകും. ഏകദേശം 3.5 കോടി യൂറോ വരെ മൂല്യമുള്ള കരാറിലാണ് സുസുക്കി ആസ്റ്റണ്‍ വില്ലയിലെത്തുന്നതെന്നാണ് വിവരം. ഇതോടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ജാപ്പനീസ് ഗോള്‍കീപ്പറെന്ന റെക്കോര്‍ഡും സുസുക്കിയുടെ പേരിലാകും.
ന്യൂജേഴ്സിയില്‍ ഘാനക്കാരനായ പിതാവിനും ജാപ്പനീസ് മാതാവിനും ജനിച്ച സുസുക്കി ചെറുപ്പത്തില്‍ തന്നെ ജപ്പാനിലേക്ക് മാറി. ജെ ലീഗ് ക്ലബ്ബായ ഉറാവ റെഡ്സിന്റെ അക്കാദമിയിലൂടെയാണ് ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്. 2024 ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പിലാണ് ജപ്പാന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി സുസുക്കിയെ പരിഗണിച്ചത്. അന്ന് സീനിയര്‍ തലത്തില്‍ വലിയ പരിചയമില്ലാതിരുന്ന താരം ടൂര്‍ണമെന്റില്‍ ചില പിഴവുകള്‍ വരുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍ പുറത്തായതിന് പിന്നാലെ ഇറാഖിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിക്ക് ശേഷം സുസുക്കിക്കെതിരെ ഓണ്‍ലൈനില്‍ വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു.
എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ സുസുക്കി തന്റെ പ്രകടനങ്ങളിലൂടെ തിരിച്ചെത്തി. ക്ലബ്ബിലും ദേശീയ ടീമിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതോടെ ജപ്പാന്റെ ഒന്നാം നമ്പര്‍ സ്ഥാനവും താരം നിലനിര്‍ത്തി. ഉറാവ റെഡ്സിനായി വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച ശേഷമാണ് സുസുക്കി ജപ്പാന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2023ല്‍ ബെല്‍ജിയന്‍ ക്ലബ്ബായ സിന്റ്-ട്രൂയിഡനില്‍ ചേര്‍ന്ന താരം സ്ഥിരമായി കളിച്ച് പരിചയം നേടാനായിരുന്നു യൂറോപ്പിലേക്കുള്ള നീക്കം. 2024ല്‍ പാര്‍മയിലെത്തിയ സുസുക്കി സീരി എയില്‍ കളിക്കുന്ന ആദ്യ ജാപ്പനീസ് ഗോള്‍കീപ്പറായി ചരിത്രം കുറിച്ചു.
ഇറ്റലിയിലെ മികച്ച പ്രകടനങ്ങളാണ് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ ശ്രദ്ധ താരത്തിലേക്ക് തിരിച്ചത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെര്‍മനിലേക്ക് സുസുക്കി പോകുന്നതിന് അടുത്തെത്തിയിരുന്നെങ്കിലും ഒടുവില്‍ ആസ്റ്റണ്‍ വില്ല താരത്തിനായി രംഗത്തെത്തുകയായിരുന്നു.
ആസ്റ്റണ്‍ വില്ലയിലേക്കുള്ള നീക്കം പൂര്‍ത്തിയായാല്‍ ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്ബോളില്‍ കളിക്കുന്ന രണ്ടാമത്തെ ജാപ്പനീസ് ഗോള്‍കീപ്പറായും സുസുക്കി മാറും. പോര്‍ട്സ്മൗത്തിനായി 2000കളുടെ തുടക്കത്തില്‍ ഹ്രസ്വകാലം കളിച്ച യോഷികത്സു കവാഗുച്ചിയാണ് ഇതിന് മുമ്പ് ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്ബോളില്‍ കളിച്ച ജാപ്പനീസ് ഗോള്‍കീപ്പര്‍.















