മലപ്പുറം: മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. സീതി ഹാജി ബസ് സ്റ്റാൻഡിന് മുകളിലാണ് മഞ്ചേരി സ്വദേശി പ്രകാശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് സംശയം.
പ്രകാശൻ നേരത്തെ മഞ്ചേരിയിൽ സെൻട്രിംഗ് ജോലിയും മറ്റ് ജോലികളും ചെയ്ത് വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇപ്പോൾ ജോലിക്ക് പോകാറില്ലെന്നാണ് വിവരം.
സംഭവമറിഞ്ഞ് മഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിശോധിച്ച പൊലീസ് തുടർനടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമേ മരണത്തിൽ വ്യക്തത വരൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.