നാഗ്പൂര്‍: തായ് കാറ്റ്ഫിഷ് അഥവാ തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും തടയാന്‍ നാഗ്പൂര്‍ ഫിഷറീസ് വകുപ്പ് വന്‍ നടപടി സ്വീകരിച്ചു. ജില്ലയിലെ 11 കുളങ്ങളില്‍നിന്ന് 36 ടണ്ണിലധികം നിരോധിത മത്സ്യം പിടികൂടി നശിപ്പിച്ചു. പാര്‍ഷിവ്നി താലൂക്കിലെ ചിച്ചോളി-മഹാദുല പ്രദേശത്തെ നിരവധി കുളങ്ങളില്‍ നിയമവിരുദ്ധമായി തായ് മംഗൂര്‍ കൃഷി ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. പ്രദേശത്തെ 11 വലിയ കുളങ്ങളില്‍ നിരോധിത മത്സ്യം വളര്‍ത്തുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
25 പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കുളങ്ങളില്‍ വലയിറക്കി മത്സ്യം പുറത്തെടുത്തു. പിടികൂടിയ 36 ടണ്ണിലധികം തായ് മംഗൂര്‍ പിന്നീട് കുഴികളില്‍ നിക്ഷേപിച്ച് നശിപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ശുഭം കൊമ്രേവാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നിയമവിരുദ്ധ കൃഷി നടക്കുന്ന കുളങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ മാപ്പിംഗിന്റെ സഹായം തേടി. നിരോധിത മത്സ്യകൃഷിയും വില്‍പ്പനയും സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഡമ്മി ഉപഭോക്താക്കളെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
തുടര്‍ന്ന് കണ്ടെത്തിയ കുളങ്ങളില്‍ റെയ്ഡ് നടത്തി മത്സ്യങ്ങളെ നീക്കം ചെയ്തു. തായ് മംഗൂറിന്റെ അനധികൃത കൃഷിയുമായി ബന്ധപ്പെട്ട് ഫാം ഉടമ ഷക്കീല്‍ ഖാന്‍ അബ്ദുള്‍ സലാം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാഗ്പൂര്‍ മേഖലയിലെ അനധികൃത തായ് മംഗൂര്‍ കൃഷിക്കെതിരായ തുടര്‍നടപടികളുടെ ഭാഗമാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 51 ടണ്ണിലധികം തായ് മംഗൂര്‍ മത്സ്യം നശിപ്പിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധിത മത്സ്യകൃഷി നടക്കുന്ന കുളങ്ങളിലും മറ്റ് പ്രദേശങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.















