മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയിൽനിന്നും 8 മാസം പ്രായമുള്ള കുഞ്ഞിൽനിന്നുമായി ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. പിതാവും മൂന്ന് മക്കളുമാണ് വിമാനത്താവളത്തിലെത്തിയത്.
പരിശോധനയ്‌ക്കിടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി. തുടർന്ന് കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിലും മിശ്രിത രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണം കടത്താൻ കുട്ടികളെ ഉൾപ്പെടെ ഉപയോഗിച്ചതിന്റെ പശ്ചാത്തലവും ഡിആർഐ പരിശോധിക്കുന്നുണ്ട്.