ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് ഭര്‍ത്താവിനൊപ്പം വീണ്ടും താമസിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ വീട് അടിച്ചുതകര്‍ത്തതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. സംഭവത്തില്‍ മധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുമ്പ് മധുവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യ പിന്നീട് തിരിച്ചെത്തി ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ചോദിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മധു ഇതിന് സമ്മതിച്ചില്ല. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. ഇരുമ്പ് കമ്പിപ്പാരയുമായാണ് യുവതി വീട്ടിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു. മുറ്റത്തുനിന്നിരുന്ന മധുവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
ഭയന്ന മധുവും മകനും വീടിനുള്ളില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുന്‍വശത്തെ ഹാളിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിന് പിന്നാലെ വീടിന്റെ മുന്‍വാതിലും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ പ്രവേശിച്ച യുവതി ഭീഷണി തുടര്‍ന്നതായും മധു പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.















