ന്യൂഡല്‍ഹി: വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ സിജെപി നേതാവ് അഭിജിത് ദീപ്‌കെക്കെതിരെ നിയമനടപടിക്ക് സാധ്യത. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോയും കുറിപ്പും എക്‌സില്‍ പങ്കുവെച്ചെന്നാണ് ആരോപണം. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ആയ എയര്‍ മാര്‍ഷല്‍ (റിട്ട.) ജിതേന്ദ്ര മിശ്രയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ‘ജമാല്‍ കുഡു’ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരാളുടെ വീഡിയോ ദീപ്‌കെ ഞായറാഴ്ച എക്‌സില്‍ പങ്കുവെച്ചത്. എന്നാല്‍ വീഡിയോയിലുള്ളത് ജിതേന്ദ്ര മിശ്രയല്ലെന്ന് പിന്നീട് വ്യക്തമായി.
മറ്റൊരാള്‍ പങ്കുവെച്ച വീഡിയോയാണ് ദീപ്‌കെ എക്‌സില്‍ വീണ്ടും പങ്കുവെച്ചത്. വീഡിയോയ്‌ക്കൊപ്പം ജിതേന്ദ്ര മിശ്രയെയും രാമക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തെയും പരാമര്‍ശിച്ചുള്ള കുറിപ്പും അദ്ദേഹം പ്രസിദ്ധീകരിച്ചു. ട്രസ്റ്റ് സിഇഒയുടെ വ്യക്തിപരമായ ജീവിതത്തെയും മതവിശ്വാസങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് കുറിപ്പിലുണ്ടായിരുന്നതെന്നാണ് ആരോപണം. വീഡിയോയിലുള്ളത് ജിതേന്ദ്ര മിശ്രയല്ലെന്ന് വ്യക്തമായതോടെ ദീപ്‌കെ ആദ്യം പങ്കുവെച്ച കുറിപ്പ് നീക്കം ചെയ്തു. പിന്നാലെ വിശദീകരണവുമായി രംഗത്തെത്തി.
എന്നാല്‍ തെറ്റായ വ്യക്തിയെ ജിതേന്ദ്ര മിശ്രയെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ചതിനെതിരെ ദീപ്‌കെക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. സെപ്റ്റംബര്‍ 2നാണ് വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ആയി നിയമിച്ചത്. ക്ഷേത്രത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശിയായ മിശ്ര ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുദ്ധ് സേവാ മെഡല്‍ ഉള്‍പ്പെടെ നിരവധി സൈനിക ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ തലവനായിരുന്നു അദ്ദേഹം.















