ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ 21കാരിയെ കാണാതായ സംഭവത്തില്‍ ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു. പായല്‍ ദേവിയെ പ്രേമനഗറിലെ ശിവദാല്‍ പാലത്തിന് സമീപം കാണാതായതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. പായല്‍ ദേവി പിതാവ് കൃഷ്ണന്‍ ലാലുമായി ഫോണില്‍ സംസാരിച്ചിരുന്നതായും തുടര്‍ന്ന് പാലത്തിന് സമീപം നിന്ന് കാണാതായതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിന് മുമ്പ് പായല്‍ ഒരു ഉത്സവത്തിന് പോയിരുന്നതായി പിതാവ് പറഞ്ഞു. പിന്നീട് തനിക്ക് സുഖമില്ലെന്നും ഡോക്ടറെ കാണണമെന്നും ഫോണില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡോക്ടറെ കാണാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് പായലിനൊപ്പമുണ്ടായിരുന്നയാള്‍ കൃഷ്ണന്‍ ലാലിനെ ഫോണില്‍ ബന്ധപ്പെട്ട് യുവതി നദിക്കരയിലേക്ക് പോയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് മകളുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് വിവരം. യുവതിയെ കാണാതായതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ചെനാബ് നദിയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.















