തിരുവനന്തപുരം: കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍. സംസ്ഥാനത്ത് താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന നിലയിലാണ്. ഇതോടെ രേഖപ്പെടുത്തുന്ന യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം, നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ല. എന്നാല്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.















