കൊല്ലം: താന്നിയില്‍ വിവാഹസത്കാരത്തിനിടെ യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ വിവാഹത്തിനെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹസത്കാരം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ചിലര്‍ ഓഡിറ്റോറിയത്തിന് പുറത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു.
കരയില്‍ ആരംഭിച്ച സംഘര്‍ഷം സമീപത്തെ കായലിലും തുടര്‍ന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിനിടെ വിവാഹത്തിനെത്തിയവരും ഇതുവഴി കടന്നുപോയവരും സംഘര്‍ഷത്തില്‍പ്പെട്ടതായാണ് വിവരം. സംഭവത്തില്‍ നിലവില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം ശ്രദ്ധയില്‍പ്പെട്ടത്.















