ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെയും ഇതരസംസ്ഥാനക്കാരെയും ലക്ഷ്യമിട്ട് ഭീഷണി സന്ദേശം. യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (ULC) എന്ന പേരിലാണ് സന്ദേശം പുറത്തുവന്നിരിക്കുന്നത്. സംഭവം സുരക്ഷാ ഏജൻസികൾ ഗൗരവമായി പരിശോധിക്കുകയാണ്. ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായി രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്ന ഓൺലൈൻ ഗ്രൂപ്പാണ് ULC.
കശ്മീർ താഴ്‌വരയിലേക്ക് മടങ്ങിയെത്തുന്ന കശ്മീരി ഹിന്ദുക്കളെയും ഇതര സംസ്ഥാനക്കാരായ ജീവനക്കാരെയുമാണ് കത്തിൽ ലക്ഷ്യമിടുന്നത്. ഡൽഹിയുടെ ‘പാവകളായി’ പ്രവർത്തിക്കുന്നവരാണ് ഇതര സംസ്ഥാനക്കാരെന്നും ജമ്മു കശ്മീരിൽ സ്ഥിരതാമസമാക്കാൻ ശ്രമിക്കുകയാണെന്നും ഭീഷണി കത്തിൽ ആരോപിക്കുന്നു.
സർക്കാർ പിന്തുണയോടെ പ്രതിഷേധങ്ങളിലോ താഴ്‌വരയിലെ പുനരധിവാസ-പുനഃസ്ഥാപന പ്രവർത്തനങ്ങളിലോ പങ്കെടുക്കുന്നവർക്കെതിരെ അക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും മുന്നറിയിപ്പ് ബാധകമാണെന്നും പുറത്തുവന്ന സന്ദേശത്തിൽ പറയുന്നു. ഭീഷണിക്കത്തിന്റെ ഉറവിടം, ഡിജിറ്റൽ പ്രചാരണ ശൃംഖല, പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്താൻ വിവിധ സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ഭീഷണി സന്ദേശങ്ങളോ അക്രമത്തിന് പ്രേരിപ്പിക്കുന്ന നീക്കങ്ങളോ ഉണ്ടാകുന്നുണ്ടോയെന്നും സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.
മുമ്പും കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണി
ULCയുടെ പേരിലുള്ള ഭീഷണികൾ ഇതാദ്യമല്ല. ഓഗസ്റ്റ് ഏഴിന് പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്ന ആറ് കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഭീഷണിക്കത്ത് പുറത്തുവന്നിരുന്നു. ഇവരുടെ ഫോൺ നമ്പറുകളും കുടുംബാംഗങ്ങളുടെ വിവരങ്ങളും കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കശ്മീരിന് പുറത്തുപോയാലും ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും കത്തിൽ അവകാശപ്പെട്ടിരുന്നു. ‘അഹമ്മദ് ബിലാൽ’ എന്ന അപരനാമം ഉപയോഗിക്കുന്ന വ്യക്തിയാണ് കത്തുകളിൽ ULCയുടെ മീഡിയ കോ-ഓർഡിനേറ്ററായി ഒപ്പുവച്ചിരുന്നത്.















