പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണക്കവർച്ചയുടെ ഗൗരവം പുറത്തുവന്നിട്ട് ഒരു വർഷം പിന്നിടുന്നു. 2025 സെപ്റ്റംബർ 7ന് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ അനധികൃതമായി അഴിച്ച് കൊണ്ടുപോയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെയായിരുന്നു പാളികൾ മാറ്റിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 2019ലെ സ്വർണം പൂശൽ നടപടികളിലെ ഗുരുതര ക്രമക്കേടുകളും സ്വർണം നഷ്ടപ്പെട്ടതിന്റെ വിവരങ്ങളും പുറത്തുവന്നത്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു രണ്ടാം പ്രതിയായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടവരും അന്വേഷണ പരിധിയിലെത്തി. എസ്.ഐ.ടി അന്വേഷണത്തിൽ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബല്ലാരി സ്വദേശിയായ സ്വർണവ്യാപാരി ഗോവർധൻ തുടങ്ങിയവരും പ്രതിപ്പട്ടികയിലെത്തി.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബു, ഇക്കഴിഞ്ഞ ജൂൺ 13ന് ക്യാൻസർ ബാധിച്ച് മരിച്ചു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു മുരാരി ബാബു ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് രോഗം കണ്ടെത്തിയത്.
അതിനിടെ കേസിൽ 13 പേരെ അറസ്റ്റ് ചെയ്തെങ്കിലും എല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്. ദ്വാരപാലക പാളികളിൽനിന്നും ശ്രീകോവിലിന്റെ കട്ടിളപ്പാളികളിൽനിന്നും സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അന്വേഷണം നേരിടുന്നത്. 2019ൽ ശ്രീകോവിലിന്റെ കട്ടിളയിൽ ഉണ്ടായിരുന്ന 42.1 കിലോഗ്രാം സ്വർണംപൂശിയ ചെമ്പുപാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതിൽനിന്ന് പിന്നീട് 409 ഗ്രാം സ്വർണം മാത്രമാണ് വീണ്ടെടുത്തതെന്നാണ് അന്വേഷണ രേഖകൾ പറയുന്നത്.
ഒരു വർഷം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 25നകം ശ്രീകോവിൽ കേസിലെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ശബരിമലയുടെ അമൂല്യമായ സ്വത്തുക്കളുടെ സംരക്ഷണത്തിൽ ആരൊക്കെ വീഴ്ച വരുത്തി, സ്വർണം എവിടേക്കാണ് പോയത്, അതിന് പിന്നിലെ യഥാർഥ ആസൂത്രകർ ആരൊക്കെയാണ് — ഈ ചോദ്യങ്ങൾക്കുള്ള പൂർണ ഉത്തരമാണ് ഇനി അന്വേഷണസംഘത്തിൽ നിന്നും കോടതിയിൽ നിന്നും കാത്തിരിക്കുന്നത്.















