കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴ സ്വദേശിയായ കോളേജ് വിദ്യാര്‍ഥി സനീഷ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേക പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബി.എം.സി കോളേജ് വിദ്യാര്‍ഥി ശ്രീഹരി തയ്യാറാക്കിയ മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് സനീഷ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തുടക്കത്തില്‍ ഏകദേശം 1,500 അംഗങ്ങളുണ്ടായിരുന്ന പ്രമോഷന്‍ ഗ്രൂപ്പിലാണ് സനീഷ് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കുന്നതിനായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തിയതിന് പിന്നാലെയാണ് പ്രത്യേക പെയ്ഡ് ഗ്രൂപ്പ് രൂപീകരിച്ചത്. ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കി 12 പേരെ ഗ്രൂപ്പില്‍ ചേര്‍ത്തതായും പോലീസ് പറയുന്നു. ശ്രീഹരിയും സനീഷും നേരിട്ട് പരിചയമുള്ളവരല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇരുവരും പരസ്പരം ബന്ധപ്പെട്ടിരുന്നതെന്നാണ് വിവരം.
പണം സ്വീകരിക്കുന്നതിനായി സനീഷ് ഉപയോഗിച്ച ക്യുആര്‍ കോഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തിയിരിക്കുന്നത് സനീഷിനാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അറസ്റ്റിലായ സനീഷിനെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഒന്നാം പ്രതിയായ ശ്രീഹരിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടെലഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനും അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുമാണ് പോലീസിന്റെ നീക്കം. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് സൂചന നല്‍കി.















