ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശത്രുപ്രദേശത്തേക്ക് ആഴത്തില്‍ കടന്ന് ആക്രമണം നടത്തുന്നതുള്‍പ്പെടെ ഭീഷണികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സായുധ സേനയ്‌ക്ക് പൂര്‍ണ സ്വാതന്ത്ര്യവും ആവശ്യമായ വിഭവങ്ങളും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ്. മറ്റൊരു രാജ്യത്തിന്റെ പ്രദേശം കൈവശപ്പെടുത്താനോ യുദ്ധം ചെയ്യാനോ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സമാധാനവും ദൗര്‍ബല്യവും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും രാജ്യം ഭീകരതയെ പ്രോത്സാഹിപ്പിച്ചാല്‍ അവരുമായി ചര്‍ച്ച നടത്തില്ലെന്ന ശക്തമായ നിലപാടും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇത്തരം ഭീഷണികള്‍ക്ക് സുരക്ഷാ സേന ഉചിതമായ രീതിയില്‍ തിരിച്ചടി നല്‍കും. ഭീഷണികളെ നിര്‍ണായകമായി നേരിടാന്‍ സായുധ സേനയ്ക്ക് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും വിഭവങ്ങളും നല്‍കിയിട്ടുണ്ട്. ശത്രുപ്രദേശത്തിനുള്ളില്‍ പോലും പ്രവര്‍ത്തിക്കാനുള്ള ശേഷി ഇതിന്റെ ഭാഗമാണ്, അദ്ദേഹം പറഞ്ഞു.
യുദ്ധഭീതിയില്‍ നിന്ന് ഉണ്ടാകുന്ന സമാധാനം അംഗീകരിക്കാനാകില്ലെന്നും സമാധാനം സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടം ബഹുമാനിക്കപ്പെടേണ്ടതാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ തന്ത്രപരമായ സ്വയംഭരണത്തോടെ മുന്നോട്ടുപോകുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും അക്രമം വ്യാപിപ്പിക്കാനും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനും ശത്രുക്കള്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീര്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കുകയും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിന് ഉദാഹരണമായി സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബാലാകോട്ട് വ്യോമാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ സൈനിക നടപടികളും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ഭാവിയിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തിന്റെ പ്രതിരോധ തന്ത്രവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 2014ന് മുമ്പ് ഏകദേശം 40,000 കോടി രൂപയായിരുന്ന പ്രതിരോധ ഉല്‍പ്പാദനം ഇപ്പോള്‍ 1.80 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ കയറ്റുമതിയും 56 മടങ്ങ് വര്‍ധിച്ച് 38,000 കോടി രൂപയിലധികമായി.















