കൊച്ചി: പ്രഭാസ് നായകനാകുന്ന ‘ഫൗജി’ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായെന്ന വാർത്ത നിഷേധിച്ച് നടൻ രാജേഷ് ശർമ. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ തനിക്ക് പ്രാണിയുടെ കടിയേറ്റിട്ടില്ലെന്ന് നടൻ വ്യക്തമാക്കി.
വലതുകാലിൽ ഏറെക്കാലമായി ഉണ്ടായിരുന്ന ചർമപ്രശ്‌നം അണുബാധയായി മാറിയതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്ന് രാജേഷ് ശർമ പറഞ്ഞു. ഇതിനൊപ്പം പ്രമേഹവും വളരെ ഉയർന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയിലാണ് രാജേഷ് ശർമയെ കൊൽക്കത്തയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ഫൗജി’യുടെ ചിത്രീകരണത്തിന് ശേഷം രാമോജി ഫിലിം സിറ്റിയിൽവെച്ച് പ്രാണിയുടെ കടിയേറ്റെന്നും തുടർന്ന് ആരോഗ്യനില ഗുരുതരമായെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നടന്റെ സുഹൃത്തായ സുദീപ്ത ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനെ തുടർന്നായിരുന്നു ഈ വാർത്തകൾ പ്രചരിച്ചത്.
സുദീപ്ത ചാറ്റർജി കരുതലിന്റെ ഭാഗമായാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതെന്നും എന്നാൽ ലഭിച്ച വിവരം തെറ്റായിരുന്നുവെന്നും രാജേഷ് ശർമ പറഞ്ഞു. പ്രഭാസിനോ ‘ഫൗജി’ സിനിമയുടെ അണിയറപ്രവർത്തകർക്കോ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും നടൻ വ്യക്തമാക്കി.
നിലവിൽ ചികിത്സ പൂർത്തിയായെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും രാജേഷ് ശർമ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ വീണ്ടും ജോലിയിൽ സജീവമാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.















