തിരുവനന്തപുരം: പാറശ്ശാല കാരാളിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷന്‍ അരി പിടികൂടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റേഷന്‍ കടകളില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ശേഖരിച്ച അരി പോളിഷ് ചെയ്ത് ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഭക്ഷ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ അരി കണ്ടെത്തിയത്.
പാറശ്ശാല കാരാളി കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വാടകവീടാണ് സംഘം അരി സൂക്ഷിക്കുന്നതിനായി ഗോഡൗണാക്കി മാറ്റിയിരുന്നത്. താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 50 കിലോ വീതമുള്ള നൂറിലധികം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി കണ്ടെത്തുകയായിരുന്നു. റേഷന്‍ കടകളില്‍ നിന്ന് ശേഖരിക്കുന്ന അരി മില്ലുകളില്‍ എത്തിച്ച് പോളിഷ് ചെയ്ത ശേഷം പുതിയ ചാക്കുകളിലാക്കി പൊതുവിപണിയില്‍ ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
‘സുരേഖ’, ‘സോടെക്സ്’ തുടങ്ങിയ ബ്രാന്‍ഡ് പേരുകളില്‍ അരി വിപണിയിലെത്തിച്ചിരുന്നതായും വിവരമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കുന്ന റേഷന്‍ അരിയും ഗോതമ്പും കാറുകളുടെ ഡിക്കി, സ്‌കൂട്ടര്‍, ട്രെയിന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി കടത്തി കേരളത്തിലെത്തിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. അരി സൂക്ഷിച്ചിരുന്ന വാടകവീടിന്റെ സുരക്ഷയ്‌ക്കായി രണ്ട് രാജപാളയം ഇനത്തില്‍പ്പെട്ട നായ്‌ക്കളെയും ഇവിടെ നിര്‍ത്തിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സിവില്‍ സപ്ലൈസ് പരിശോധന ശക്തമാക്കിയതോടെയാണ് സംഘം ആളൊഴിഞ്ഞ വീട് സംഭരണകേന്ദ്രമാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
പാറശ്ശാല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അരി കടത്താന്‍ ഉപയോഗിച്ചിരുന്ന ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത അരി എന്‍എഫ്എസ്എ ഗോഡൗണിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമായിരിക്കും തുടര്‍നടപടി. അരി ലേലം ചെയ്യുകയോ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുകയോ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭരണത്തിനും അരി കടത്തലിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.















