ഇസ്ലാമാബാദ്: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ പാകിസ്താനിൽ ഇന്ധനക്ഷാമം. സർക്കാർ- സ്വകാര്യ മേഖലകളിലെ ഇന്ധന ഉപഭോഗം കുറയ്‌ക്കാൻ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളാണ് പാക് ഭരണകൂടം പരിഗണിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശങ്ങൾ ചർച്ച ചെയ്തത്.
ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ നാല് ദിവസമാക്കുക, ജീവനക്കാരുടെ ഹാജർ റൊട്ടേഷൻ അടിസ്ഥാനത്തിലാക്കുക, ദൂരെയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുക തുടങ്ങിയവ നടപ്പാക്കാനാണ് തീരുമാനം. വിപണികൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നേരത്തെ അടക്കുകയും ചെയ്യും.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ പാകിസ്ഥാനിൽ ഇന്ധനവില പിടിവിട്ട് കുതിച്ച് ഉയരുകയാണ. ചൊവ്വാഴ്ച പെട്രോൾ വില ലിറ്ററിന് 384.34 രൂപയിലെത്തി. ഹൈ സ്പീഡ് ഡീസലിന് 415.83 രൂപയായി.
അതേസമയം, ‘സ്മാർട്ട് ലോക്ക്ഡൗൺ’ സംബന്ധിച്ച് പാക് മന്ത്രിമാർക്കിടയിൽ കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. ചെലവുചുരുക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി അട്ട തരാർ സൂചിപ്പിച്ചപ്പോൾ, ഇത്തരമൊരു ലോക്ക്ഡൗണിനെക്കുറിച്ച് ആലോചനയെ ഇല്ലെന്നാണ് പരിസ്ഥിതി മന്ത്രി മുസാദിക് മാലിക് പറയുന്നത്.















