ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്നതോടെ ഇന്ധന ഉപയോഗം കുറയ്‌ക്കാന്‍ പാക്കിസ്ഥാന്‍ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’ പരിഗണിക്കുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള ചെലവുചുരുക്കല്‍ നടപടികള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കുക, ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലിക്ക് എത്തിക്കുക, വിപണികള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കാനും അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കാനും ആലോചനയുണ്ട്.
ഹോര്‍മുസ്, ബാബുല്‍ മന്ദബ് കടലിടുക്കുകളിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനിലും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 4.10 പാകിസ്ഥാന്‍ രൂപയും ഹൈസ്പീഡ് ഡീസലിന് 6.41 രൂപയുമാണ് കൂട്ടിയത്. ഇതോടെ വില യഥാക്രമം 384.34 രൂപയും 415.83 രൂപയുമായി.
അതേസമയം, ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’ സംബന്ധിച്ച് സര്‍ക്കാര്‍ മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ വ്യക്തതയില്ല. ചെലവുചുരുക്കല്‍ നടപടികള്‍ പരിഗണനയിലുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താ തരാര്‍ പറഞ്ഞപ്പോള്‍, ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് കാലാവസ്ഥാ മന്ത്രി മുസാദിഖ് മാലിക് പ്രതികരിച്ചു. ഇതിനിടെ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ പെട്രോള്‍ ലഭ്യമാക്കുന്ന ‘ഫ്യുവല്‍ റിലീഫ് സ്‌കീം’ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.















