ന്യൂഡല്‍ഹി: ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ച് ബിജെപി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് ആണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്. 28 സംസ്ഥാനങ്ങള്‍ക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് പുതിയ സംഘടനാ ചുമതലകള്‍ വിഭജിച്ച് നല്‍കിയത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറിന് പകരം പ്രൊഫ. എം. നാഗരാജയെ പുതിയ പ്രഭാരിയായി നിയമിച്ചു. എം. വെങ്കടേശനാണ് സഹപ്രഭാരി. ദക്ഷിണേന്ത്യയിലെ സംഘടനാ ചുമതലകളിലും ബിജെപി മാറ്റം വരുത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നല്കി. അതേസമയം, മറ്റൊരു ദേശീയ സെക്രട്ടറി അനില്‍ ആന്റണിയെ നാഗാലാന്‍ഡിന്റെ പ്രഭാരിയായും ഗോവയുടെ സഹപ്രഭാരിയായും നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ലക്ഷദ്വീപിന്റെ ചുമതല നല്കി. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഛത്തീസ്ഗഢിന്റെയും ഹരിയാണയുടെയും പ്രഭാരിയായി നിയമിച്ചു. ഉത്തര്‍പ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കാണ്. ജഗദീഷ് പട്ടേല്‍, മേധ കുല്‍ക്കര്‍ണി, പ്രദീപ് വര്‍മ്മ, അനന്ത് ഓജ എന്നിവരാണ് യുപിയിലെ സഹപ്രഭാരിമാര്‍.
രാം മാധവിന് തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല നല്കി. ഗുജറാത്തിന്റെ പ്രഭാരിയായി തരുണ്‍ ചുഗിനെയും ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവയുടെ ചുമതല സതീഷ് പൂനിയയെയും നിയമിച്ചു. ബിഹാറിന്റെ പ്രഭാരിയായി ഹരീഷ് ദ്വിവേദിയും മധ്യപ്രദേശിന്റെ പ്രഭാരിയായി ബിപ്ലബ് കുമാര്‍ ദേബും ചുമതലയേല്‍ക്കും. രാജസ്ഥാനില്‍ സഞ്ജയ് ഭാട്ടിയ പ്രഭാരിയും കവിത പാട്ടീദാര്‍, കുല്‍ജീത് ചഹല്‍ എന്നിവര്‍ സഹപ്രഭാരിമാരുമാണ്. ഡല്‍ഹിയില്‍ വിനയ് സഹസ്രബുദ്ധെ പ്രഭാരിയും ജംയാങ് നാംഗ്യാല്‍, ദര്‍ശന ജാര്‍ദോഷ് എന്നിവര്‍ സഹപ്രഭാരിമാരുമാകും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മഹാരാഷ്ട്രയുടെ ചുമതല ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് ജയ് പാണ്ഡയ്ക്കാണ്; അമിത് മാല്‍വിയ, സദാനന്ദ് ഷെട്ട് തനാവഡെ, കമല്‍ജീത് സെഹ്റാവത്ത് എന്നിവര്‍ സഹപ്രഭാരിമാരായി പ്രവര്‍ത്തിക്കും. 2027ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും പുതിയ സംഘടനാ ടീമുകളെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ സംഘടനാ ചുമതലകളിലും മാറ്റമുണ്ട്. പുതിയ നിയമനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി അറിയിച്ചു.















