നാഗോവ: ഏഷ്യന്‍ ഗെയിംസ് 2026-ല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണനേട്ടം. വനിതാ താരം സുരുചി സിംഗും കമല്‍ജീത്തും ചേര്‍ന്നാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. 484.6 പോയിന്റോടെ ഏഷ്യന്‍ റെക്കോര്‍ഡും കുറിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ കുതിപ്പ്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. മത്സരത്തിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ഇന്ത്യന്‍ സഖ്യത്തിന് മുന്നില്‍ അവസാന ഘട്ടത്തില്‍ ദക്ഷിണ കൊറിയ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ 6.6 പോയിന്റിന്റെ വ്യത്യാസത്തില്‍ ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചു.
ഇന്ത്യ 484.6 പോയിന്റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണ കൊറിയ 478 പോയിന്റുമായി വെള്ളിയും ഇറാന്‍ 415.8 പോയിന്റുമായി വെങ്കലവും നേടി. ഇന്ത്യന്‍ സഖ്യത്തിന്റെ സ്‌കോര്‍ ലോക റെക്കോര്‍ഡിനേക്കാള്‍ വെറും 3.8 പോയിന്റ് മാത്രം പിന്നിലായിരുന്നു. ഫൈനലിന് മുമ്പുള്ള യോഗ്യതാ റൗണ്ടിലും കമല്‍ജീത്ത്-സുരുചി സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സീരീസില്‍ 196 പോയിന്റും രണ്ടാം സീരീസില്‍ ആകെ 391 പോയിന്റും നേടി മുന്നിലെത്തി. തുടര്‍ച്ചയായ മികച്ച പ്രകടനത്തോടെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇരുവരും നിര്‍ണായക ഘട്ടത്തിലും മികവ് ആവര്‍ത്തിച്ചു.
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് പിന്നാലെ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീം ഇനത്തിലും വെള്ളി സ്വന്തമാക്കി. ഐശ്വരി പ്രതാപ് സിംഗ് തോമര്‍, നീരാജ് കുമാര്‍, റുദ്രാങ്ക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് മെഡല്‍ നേടിയത്. ഇന്ത്യന്‍ താരങ്ങള്‍ ആകെ 1762-94ഃ സ്‌കോര്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 1766-95ഃ സ്‌കോറുമായി ചൈന സ്വര്‍ണവും 1751-87ഃ സ്‌കോറുമായി ദക്ഷിണ കൊറിയ വെങ്കലവും നേടി. വ്യക്തിഗത ഇനത്തിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്.
ഐശ്വരി പ്രതാപ് സിംഗ് തോമറും, നീരാജ് കുമാറും വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. ഒരു രാജ്യത്ത് നിന്ന് പരമാവധി രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് വ്യക്തിഗത ഫൈനലില്‍ പങ്കെടുക്കാനാകുക എന്നതിനാല്‍ റുദ്രാങ്ക്ഷ് പാട്ടീലിന് വ്യക്തിഗത ഫൈനലില്‍ ഇടം ലഭിച്ചില്ല.















