കൊച്ചി: ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്. എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. നിലവിൽ എറണാകുളം ജില്ലാ സ്റ്റേറ്റ് ജി.എസ്.ടി ജോയിന്റ് കമ്മീഷണറാണ് പ്രജനി രാജൻ.
ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി ഒമ്പത് മണിയോടെയാണ് അവസാനിച്ചത്. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും പച്ചാളത്തെ വീട്ടിലുമായിരുന്നു ഒരേസമയം പരിശോധന നടന്നത്.
പ്രജനി രാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ തുടർച്ചയായാണ് റെയ്ഡ്. ഏകദേശം രണ്ടേമുക്കാൽ കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വീട്ടിലും ഓഫീസിലുമായി നടത്തിയ പരിശോധനയിൽ വിവിധ രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലൻസ് പരിശോധിച്ചു. പിടിച്ചെടുത്ത പണത്തിന്റെയും കണ്ടെത്തിയ രേഖകളുടെയും ഉറവിടം സംബന്ധിച്ചും പരിശോധന നടക്കും.















