ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് സമീപമുളള വെടേല നഗരത്തിലുണ്ടായ ഭീകരമായ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
എകെ 47 തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മദ്യശാലയിൽ അതിക്രമിച്ചു കയറിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ അക്രമികൾ കവർന്നു. അക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ ഏതൊക്കെയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ദക്ഷിണാഫ്രിക്കൻ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ ആഴ്ച ഡർബനിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ജൂൺ മാസത്തിലും സമാന സംഭവങ്ങൾ സൗത്ത് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.















