ദുബായ്: പ്രദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യു എഇ യിലെ വിമാന സർവീസുകളുടെ സമയക്രമത്തിൽ വീണ്ടും വലിയ മാറ്റങ്ങൾ വന്നു. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുളള വിവിധ സർവീസുകൾ വൈകും, ചിലത് പൂർണ്ണമായി റദ്ദാക്കി.
എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സർവീസുകൾ സാധാരണ നിലയിൽ തുടരാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചില വിമാനങ്ങൾ വൈകിയാണ് പുറപ്പെടുന്നത്. അതേസമയം, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ എന്നിവയുടെ സര്‍വീസുകളിലാണ് കൂടുതല്‍ റദ്ദാക്കലുകളും കൂടുതല്‍ സമയമാറ്റങ്ങളും ചെയ്തിരിക്കുന്നത്.
യുഎഇയില്‍ നിന്നും ഇറാനിലേക്കും തിരിച്ചുമുള്ള ഇറാനിയന്‍ വിമാന കമ്പനികളുടെ സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദുബായ്-തെഹ്റാന് (ഇറാന് എയര്‍), ദുബായ്-അമാന്‍ (എമിറേറ്റ്സ്) സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള സര്‍വീസുകളെയും വളരെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ ദുബായ്-കൊച്ചി സര്‍വീസ് ഉള്‍പ്പെടെയുള്ളവ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തിയത്. കൂടാതെ, എമിറേറ്റ്സിന്റെ അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി സര്‍വീസുകളും സ്പൈസിന്റെ അമൃത്സര്‍ സര്‍വീസും വൈകിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, മോസ്കോ, താഷ്കന്റ്, കസാൻ, മുംബൈ, കാഠ്മണ്ഡു, കാബൂൾ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലെ ഫ്ലൈ ദുബായ് സര്‍വീസുകളെയും സമയമാറ്റം ബാധിച്ചിട്ടുണ്ട്.
ടിക്കറ്റ് മുന്‍കൂട്ടി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം സമയമാറ്റമോ റദ്ദാക്കലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. വിമാനത്താവളത്തിലെ ചെക്കിങ്, സുരക്ഷാ പരിശോധന, എമിഗ്രേഷൻ നടപടികൾ എന്നിവയ്ക്കായി യാത്രക്കാര്‍ സാധാരണയില്‍ കവിഞ്ഞ് അധിക സമയം കരുതണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.















