ന്യൂഡൽഹി: ഡൽഹി ഹിന്ദു വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി. ഇരുവരുടെയും ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്ങും ദിനേഷ് ഭട്ടും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ബുധനാഴ്ച ഹർജികളിൽ വിധി പറഞ്ഞത്.
ജാമ്യം അനുവദിക്കുന്നതിൽ സുപ്രീംകോടതി ജനുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശങ്ങൾ ഹൈക്കോടതിക്ക് മറികടക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ സുപ്രീംകോടതിയുടെ ഉത്തരവ് ഒരു വർഷം പൂർത്തിയാകുകയോ ചെയ്താൽ വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇരുവരുടെയും മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ജൂലൈ നാലിന് വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് ഇരുവരും പ്രതികളായിരിക്കുന്നത്. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് കലാപം ഉണ്ടായത്.















