കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു. കറാച്ചി ഡിസ്ട്രിക്ട് വെസ്റ്റ് ഫുട്ബോൾ ടീമിന് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. മസ്തുങിനും സരിയാബിനും ഇടയിലുള്ള ഹൈവേയിലായിരുന്നു സംഭവം.
ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ക്വറ്റയിലേക്ക് പോകുകയായിരുന്നു ടീം. തിങ്കളാഴ്ച വൈകുന്നേരം യാത്രയ്‌ക്കിടെ ഒരു ഡസനോളം വരുന്ന ആയുധധാരികൾ ബസ് തടഞ്ഞുനിർത്തി. തുടർന്ന് ബസിലുണ്ടായിരുന്ന എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. താരങ്ങളുടെയും മറ്റ് യാത്രക്കാരുടെയും മൊബൈൽ ഫോണുകളും പണവും വിലപിടിപ്പുള്ള സാധനങ്ങളും സംഘം കവർന്നു. ചിലരെ തോക്കിന്റെ പാത്തി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.
ക്വറ്റയിലെത്തിയ ശേഷമാണ് സംഘം സംഭവത്തെക്കുറിച്ച് ബലൂചിസ്ഥാൻ കായിക മന്ത്രിയെ അറിയിച്ചത്. പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടതോടെ താരങ്ങൾ ബുദ്ധിമുട്ടിലായി. തുടർന്ന് മന്ത്രി ഇടപെട്ട് താരങ്ങൾക്ക് ദിവസച്ചെലവിനുള്ള തുക അനുവദിച്ചു. ക്വറ്റയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യാത്ര ഒഴിവാക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി സിന്ധ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അസം പറഞ്ഞു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ ഫുട്ബോൾ അസോസിയേഷനുകളും ടൂർണമെന്റിലേക്ക് ടീമുകളെ അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മസ്തുങ് ജില്ലയിൽ നിന്ന് ക്വറ്റയിലേക്കുള്ള ഹൈവേയിൽ യാത്രക്കാരെ ലക്ഷ്യമിട്ട് സായുധ സംഘങ്ങളുടെ കൊള്ള പതിവാകുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡേര ബുഗ്തിയിൽ നിന്ന് രണ്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.















