തൃശൂർ: തിരുപ്പൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും തൃശൂരിലെ ലോഡ്ജിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും യുവാവിനെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണിത് എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു. യുവാവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ വിവരം ക്വട്ടേഷൻ സംഘത്തിന് കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വിവരം ലഭിച്ചതിന് പിന്നാലെ അഞ്ചംഗ സംഘം തൃശൂരിലെത്തി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം ലോഡ്ജിലെ മുറിയിൽ അതിക്രമിച്ച് കയറി ഇരുവരെയും കീഴടക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ തുണികൊണ്ട് ബന്ധിക്കുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷം ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോയി.
തിരുപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിൽ കൈകാലുകൾക്ക് പല ഭാഗത്തും ഒടിവുണ്ടായി. പിന്നീട് തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ച സംഘം യുവതിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അഞ്ചംഗ സംഘത്തിലെ രണ്ടുപേർ ചേർന്നാണ് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് കേസ് തൃശൂർ സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെ തിരുപ്പൂരിൽ നിന്നും മറ്റൊരാളെ പഴനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കേസിൽ ആകെ അഞ്ച് പേരാണ് അറസ്റ്റിലായത്.















