ലണ്ടന്‍: യുകെയിലെ യോര്‍ക്ക്ഷയര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കില്‍ സൈബീരിയന്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡോണ്‍കാസ്റ്ററിന് സമീപമുള്ള മൃഗശാലയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അല്‍തായ് എന്ന കടുവയാണ് ഇയാളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കടുവയുടെ കൂടിന് സമീപത്തുവച്ച് ഇയാള്‍ മറ്റ് സന്ദര്‍ശകരോട് തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ‘കടുവയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുക്കാമോ?’ എന്ന് ഇയാള്‍ ചോദിക്കുന്നതും ഒരു സ്ത്രീ അതിന് സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. ഫോട്ടോ എടുത്തുനല്‍കിയതിന് ഇയാള്‍ നന്ദി പറയുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫോട്ടോ എടുത്തതിന് മിനിറ്റുകള്‍ക്കുശേഷം ഇയാള്‍ കടുവയെ പാര്‍പ്പിച്ചിരുന്ന മേഖലയിലെ ചുറ്റുമതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി. പിന്നാലെ കടുവ ആക്രമിക്കുകയായിരുന്നു. ഇയാള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ മറ്റു സന്ദര്‍ശകര്‍ കടുവയുടെ ശ്രദ്ധ തിരിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്‌ക്ക് 1.35ഓടെ ഒരാള്‍ കടുവയുടെ ചുറ്റുമതിലിനുള്ളിലേക്ക് കടന്നതായി വിവരം ലഭിച്ചെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പൊലീസ് അറിയിച്ചു. കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.
യോര്‍ക്ക്ഷയര്‍ ആംബുലന്‍സ് സര്‍വീസ് രണ്ട് റോഡ് ആംബുലന്‍സുകളും ഒരു എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിച്ചു. എന്നാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കുടുംബത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മൃഗശാലയിലെ ഈ ഭാഗം ഒഴിപ്പിച്ചു. കടുവയ്‌ക്ക് പരുക്കേറ്റിട്ടില്ലെന്നും അത് ചുറ്റുമതിലിനുള്ളില്‍ത്തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സന്ദര്‍ശകരുടെയും ജീവനക്കാരുടെയും മൃഗങ്ങളുടെയും സുരക്ഷയ്‌ക്കാണ് മുന്‍ഗണനയെന്നും സംഭവത്തിന്റെ സാഹചര്യങ്ങള്‍ വ്യക്തമാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും യോര്‍ക്ക്ഷയര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിടുകയും ചെയ്തു. 2025 ഫെബ്രുവരിയില്‍ നോര്‍വേയിലെ ഡൈര്‍പാര്‍ക്കന്‍ മൃഗശാലയില്‍നിന്നാണ് അല്‍തായ് എന്ന കടുവയെ യോര്‍ക്ക്ഷയര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കിലെത്തിച്ചത്. 2009ല്‍ ആരംഭിച്ച പാര്‍ക്കില്‍ 2011ലാണ് ‘ലാന്‍ഡ് ഓഫ് ദി ടൈഗേഴ്സ്’ എന്ന വിഭാഗം തുറന്നത്. വംശനാശഭീഷണി നേരിടുന്ന സൈബീരിയന്‍ കടുവകള്‍ക്കായി രണ്ടേക്കര്‍ വിസ്തൃതിയില്‍ ഒരുക്കിയ മേഖലയാണിത്. ലോകത്ത് കാട്ടില്‍ ഏകദേശം 500 സൈബീരിയന്‍ കടുവകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.















