ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ മുത്തശ്ശിയുടെ മരണവിവരം അറിയിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. മരണവിവരം അറിയിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണത്തിന് മറുപടിയായാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് വിശദീകരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധത്തിനിടെയാണ് ദിപ്‌കെ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ മഹാരാഷ്‌ട്രയില്‍ താമസിച്ചിരുന്ന ദിപ്‌കെയുടെ 85 വയസ്സുള്ള മുത്തശ്ശി സാവിത്രിബായ് അന്തരിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ദിപ്‌കെയെ നേരിട്ട് അറിയിക്കുകയായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മരണവിവരം അറിഞ്ഞതിനു പിന്നാലെ വീട്ടിലേക്ക് പോകാനും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നേഹ യാദവ് പറഞ്ഞു. എന്നാല്‍ ദിപ്‌കെ ഈ സഹായം സ്വീകരിച്ചില്ലെന്നും നിശ്ചയിച്ച പ്രകാരം സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ കുടുംബത്തോട് നിര്‍ദേശിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. ദിപ്‌കെയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കാനാണ് സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു.















