റിയാദ്: മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും. വിമാനത്താവളത്തിന്റെ സുരക്ഷാ പരിശോധനകളും നാശനഷ്ടങ്ങളുടെ വിലയിരുത്തലും തുടരുന്നതിനിടെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച വൈകിട്ടും വിമാനത്താവളത്തിലെ നാലാം ടെര്‍മിനലില്‍ പ്രൊജക്ടൈല്‍ പതിച്ച് തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിന് സമീപത്തേക്ക് എത്തിയ ക്രൂസ് മിസൈല്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ 11 ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. രണ്ട് പേര്‍ ആശുപത്രി വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ ആശുപത്രി വിട്ടതായാണ് എംബസി അറിയിച്ച വിവരം. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസുഫാണ് മരിച്ച ഇന്ത്യന്‍ പൗരനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉംറ തീര്‍ഥാടനത്തിനായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഭാര്യയ്‌ക്കും മക്കള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിവിധ രാജ്യാന്തര വിമാനക്കമ്പനികള്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. ആക്രമണത്തില്‍ ഉംറ തീര്‍ഥാടകരടക്കം നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തീരുമാനമുണ്ടാകുക.















