ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറിയ വ്യക്തിക്ക് പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിവാദമായത് തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്
പിന്നാക്കവിഭാഗം (BC), അതിപിന്നാക്കവിഭാഗം (MBC), ഡീനോട്ടിഫൈഡ് കമ്മ്യൂണിറ്റികൾ (DNC), പട്ടികജാതി (SC) വിഭാഗങ്ങളിൽപ്പെട്ടവർ ഇസ്ലാം സ്വീകരിച്ചാൽ അവരെ പിന്നാക്ക മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാമെന്നായിരുന്നു തമിഴ്നാട് സർക്കാർ 2024 മാർച്ച് 9-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ഉള്ളടക്കം.
ഈ ഉത്തരവ് ചോദ്യം ചെയ്ത കേസിലാണ് മദ്രാസ് ഹൈക്കോടതി 2026 ജൂൺ 25-ന് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. അതിനെതിരായ തമിഴ്നാട് സർക്കാരിന്റെ അപ്പീലാണ് സുപ്രീംകോടതി ഇപ്പോൾ തള്ളിയത്.















